19കാരി ഗർഭിണിയായതോടെ ക്രൂരമർദ്ദനം; ഒടുവിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ

ടെഹ്റാൻ: 19കാരി ഗർഭിണിയാണെന്നറിഞ്ഞ് മാതാപിതാക്കൾ ക്രൂരമായി മർദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഇറാനിലെ സനന്ദജ് നഗരത്തിലാണ് ദുരഭിമാനക്കൊല നടന്നത്. ഹെലിയ ഫത്താഹി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു യുവാവുമായുള്ള ബന്ധത്തെ തുടർന്ന് താൻ രണ്ടുമാസം ഗർഭിണിയാണെന്ന് ഹെലിയ കുടുംബത്തെ അറിയിച്ചിരുന്നു.
ഇതറിഞ്ഞ് കുപിതരായ പിതാവ് വോറിയ ഫത്താഹിയും മാതാവ് ലെയ്ല വെയ്സും ചേർന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അപസ്മാരത്തിനുള്ള മുപ്പതോളം ഗുളികകൾ യുവതിയെ മാതാപിതാക്കൾ നിർബന്ധിച്ച് കഴിപ്പിച്ചു. എന്നാൽ ഗുളിക കഴിച്ചിട്ടും ഹെലിയ മരിക്കാത്തതിനെ തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും തലയിണ ഉപയോഗിച്ച് മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഒരാഴ്ചയ്ക്കിടെ ഇറാനിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ യുവതിയാണ് ഹെലിയ. നവംബർ 18ന് ഗിലാൻ പ്രവിശ്യയിൽ 23കാരിയായ സദഫ് ഹഗ്ബിൻ തന്റെ ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മുൻകാമുകനാണ് യുവതിയെ വെടിവച്ച് കൊന്നത്.



