‘പാർട്ടിക്ക് ഒരു സംസ്കാരമുണ്ട്, പരിധി വിടരുത്’; കോൺഗ്രസ് തർക്കത്തിൽ മുന്നറിയിപ്പുമായി ചാണ്ടി ഉമ്മൻ

കോട്ടയം: കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ രംഗത്തെത്തി. പരസ്പരം പോരടിക്കുന്നവർ പാർട്ടിക്ക് ഒരു സംസ്കാരമുണ്ടെന്ന് ഓർക്കണമെന്നും ആരും പരിധി വിട്ട് പ്രവർത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞുപോയി. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പാർട്ടിക്ക് ഒരു സംസ്കാരമുണ്ടെന്നാണ് എല്ലാവരും ഓർക്കേണ്ടത്. പൊതുയിടത്തിലാണെങ്കിലും സൈബർ ഇടത്തിലാണെങ്കിലും സംസ്കാരം വിട്ട് പ്രവർത്തിക്കരുത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജെ.എസ്. അഖിലിനെതിരായ നേമം ഷജീറിന്റെ വിമർശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. മറ്റൊരാളെ മോശക്കാരനാക്കി കാണിച്ചതുകൊണ്ട് എന്താണ് നേട്ടമുള്ളതെന്ന് ചോദിച്ച ചാണ്ടി ഉമ്മൻ, തന്റെ പിതാവ് ജീവിച്ചിരുന്നപ്പോൾ കഴക്കൂട്ടം സീറ്റിലേക്ക് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിച്ച വ്യക്തിയാണ് ജെ.എസ്. അഖിൽ എന്ന് ചൂണ്ടിക്കാട്ടി. വർഷങ്ങളുടെ പാരമ്പര്യമുള്ള, സമരങ്ങളിലൂടെ വളർന്നുവന്ന നേതാവാണ് അഖിലെന്നും ആരെയും വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിനപ്പുറം പൊതുജീവിതത്തിൽ ആദർശം പാലിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകൾ പാർട്ടിയിലുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ആദർശം വാക്കിലും പ്രവൃത്തിയിലും വേണമെന്നും, അത് ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് എ.കെ. ആന്റണിയെന്നും അദ്ദേഹം വ്യക്തമാക്കി.



