ഹോട്ടലിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം; കല്ലമ്പലത്ത് മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തിയിരുന്ന മുഖ്യപ്രതി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. കല്ലമ്പലം പുല്ലൂർമുക്കിൽ ഹോട്ടൽ നടത്തിവരുന്ന നാസറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വടശ്ശേരിക്കോണത്ത് ചെറിയ അളവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തിയ സ്ത്രീയെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണമാണ് കല്ലമ്പലത്തെ വൻ മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടലിന്റെ മറവിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടിയത്. പ്രദേശത്തെ വിവിധ ചെറിയ കടകളിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയാണ് പിടിയിലായ നാസറെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ലഹരി മാഫിയക്കെതിരെ പൊലീസും ഡാൻസാഫ് സംഘവും പരിശോധന ശക്തമാക്കിയതിനിടെയാണ് ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ നടന്നുവന്ന അനധികൃത പുകയില ഉൽപ്പന്ന വ്യാപാരം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button