വേദനയോടെ മോഹൻലാൽ; ‘ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്’

ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതിനാൽ നടൻ മോഹൻലാലിന്റെ ഇന്നത്തെ സിഡ്‌നി ഷോ മാറ്റിവച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയിരുന്നു. ഗായിക കെ എസ് ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വിസ ലഭിച്ചിരുന്നില്ല. വിസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാറ്റിവച്ച ഷോ മറ്റൊരുദിവസം ഉണ്ടാകുമെന്ന് മോഹൻലാൽ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
‘പ്രിയപ്പെട്ടവരെ ഞാൻ സിംഗപ്പൂരിൽ നിന്നാണ് സംസാരിക്കുന്നത്. വളരെ സങ്കടകരമായ അവസ്ഥയിലാണ് ഞാൻ. ഒരുപാട് ഷോകൾ ഞാൻ ചെയ്തിട്ടുണ്ട്. ഈ വർഷം തന്നെ നിരവധി രാജ്യങ്ങളിൽ ഞാൻ ഷോ ചെയ്തു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. എനിക്ക് വിസ കിട്ടിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ഇത് എന്റെ കുറ്റമായി തന്നെ ഞാൻ പറയുന്നു. എന്നോട് ക്ഷമിക്കണം. എല്ലാവരും അവരെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്തു. പക്ഷേ. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല’- മോഹൻലാൽ വ്യക്തമാക്കി.



