ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് കർണാടകയിലെ ബിഡദിക്ക് സമീപം അപകടത്തിൽപ്പെട്ടു. മൈസൂർ-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരിൽ ഒരാൾ ബസിലെ കണ്ടക്ടറായ അരുൺ എൻ.എം. ആണ്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനവും തുടർനടപടികളും പുരോഗമിക്കുകയാണ്.



