അമേരിക്കൻ പര്യടനത്തിൽ മേയർ വി.വി. രാജേഷ് വാഷിങ്ടണിൽ; ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി വികസന ചർച്ച

തിരുവനന്തപുരം: അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി. വാഷിങ്ടണിലെ ഇന്ത്യൻ എംബസി സന്ദർശിച്ച അദ്ദേഹം കൾച്ചറൽ സെൽ കൗൺസിലർ ദേബേഷ് കുമാർ ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരത്തെ ഐടി മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും കളരിപ്പയറ്റ്, കഥകളി തുടങ്ങിയ കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ അന്തർദേശീയ പ്രചാരണത്തിനുമായി കോർപറേഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് എംബസിയിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് മേയർ അറിയിച്ചു.

എട്ട് ദിവസത്തെ സന്ദർശനത്തിനായി ഓഗസ്റ്റ് ഒന്നിനാണ് മേയർ അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. സന്ദർശനത്തിനിടെ മുസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടുമായി മാലിന്യ സംസ്കരണം, ഐടി മേഖല, തെരുവ് നായ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. കൂടാതെ, ന്യൂജേഴ്സിയിൽ പ്രശസ്ത ക്യാൻസർ വിദഗ്ധൻ ഡോ. എം.വി. പിള്ളയുമായും കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

പര്യടനത്തിന്റെ ഭാഗമായി ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാന സമ്മേളനത്തിലും വിവിധ നഗരങ്ങളിലെ മലയാളി സമൂഹവുമായി സംഘടിപ്പിച്ച ആശയവിനിമയ പരിപാടികളിലും മേയർ പങ്കെടുക്കും. ഓഗസ്റ്റ് 10-ന് അദ്ദേഹം തിരുവനന്തപുരത്ത് തിരിച്ചെത്തും.

മേയറുടെ വിദേശ സന്ദർശന കാലയളവിൽ ഡെപ്യൂട്ടി മേയർ ആശാനാഥാണ് തിരുവനന്തപുരം കോർപറേഷൻ മേയറുടെ ചുമതല നിർവഹിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button