ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന് പരാതി; പോലീസിലും ചൈൽഡ്‌ലൈനിലും പരാതി

ചെർപ്പുളശേരി: ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് അധ്യാപകൻ അടിച്ചെന്ന പരാതിയുമായി രക്ഷിതാക്കൾ. തൃക്കടീരി പി.ടി.എം ഹൈസ്‌കൂളിലെ 14 വയസുകാരനായ വിദ്യാർത്ഥിക്കാണ് ബുധനാഴ്ച രാവിലെ ക്ലാസ് മുറിയിൽ വെച്ച് അധ്യാപകൻ കൈനീട്ടി മുഖത്തടിച്ചതെന്നാണ് പരാതി.

അടിയേറ്റതിനെ തുടർന്ന് വിദ്യാർത്ഥിയുടെ മുഖം വീർക്കുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തതായി കുടുംബം അറിയിച്ചു. തുടർന്ന് വിദ്യാർത്ഥി ഫോണിലൂടെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്കൂളിലെത്തിയ രക്ഷിതാക്കൾ കുട്ടിയെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി.

ഇതേ അധ്യാപകൻ മുമ്പും തന്നെ മർദിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി ആരോപിച്ചു. മുൻ സംഭവങ്ങളെക്കുറിച്ചും രക്ഷിതാക്കൾ പ്രധാനാധ്യാപികയെയും ബന്ധപ്പെട്ട അധ്യാപകനെയും അറിയിച്ചിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.

സംഭവത്തെ തുടർന്ന് സ്കൂളിലെത്തിയ തന്നെ അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായും വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ ചെർപ്പുളശേരി പോലീസിലും ചൈൽഡ്‌ലൈനിലും പരാതി നൽകിയിട്ടുണ്ട്.

പരാതി ലഭിച്ചതായും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കാനാകൂ എന്നും ചെർപ്പുളശേരി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പ്രധാനാധ്യാപിക എം. വി. സുധ പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്ന് സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button