വിദ്യാർഥി പ്രതിഷേധം രാജ്യവിരുദ്ധമല്ല; ജനാധിപത്യ സംവാദത്തിന്റെ സ്വാഭാവിക മാർഗം: മോഹൻ ഭാഗവത്

മുംബൈ: ജനാധിപത്യത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം രാജ്യവിരുദ്ധമല്ലെന്നും അത് ജനാധിപത്യപരമായ സംവാദത്തിന്റെ സ്വാഭാവിക മാർഗമാണെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് പറഞ്ഞു. പുതിയ തലമുറ മുൻതലമുറകളേക്കാൾ കൂടുതൽ സത്യസന്ധരാണെന്നും, തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാത്തപ്പോൾ അവർ ശബ്ദമുയർത്തുന്നത് ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന ഐഐഎംയുഎൻ (IIMUN) 15-ാം വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ ‘ജെൻ സി’, ‘ജനറേഷൻ ആൽഫ’ വിഭാഗങ്ങളിലെ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കപ്പെടരുതെന്നും വിദ്യാഭ്യാസത്തിനായി ബജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളും ആശങ്കകളും ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പ്രതിഷേധങ്ങൾ വിഭജനത്തിനല്ല, മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന ഏകാഭിപ്രായം രൂപപ്പെടുത്തുന്നതിനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക വിഷയങ്ങളിൽ ആർഎസ്എസിന്റെ നിലപാട് വിശദീകരിച്ച മോഹൻ ഭാഗവത്, സമൂഹത്തിൽ വിവേചനവും അടിച്ചമർത്തലും നിലനിൽക്കുന്നിടത്തോളം കാലം സംവരണം തുടരേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. LGBTQIA+ സമൂഹം രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവർക്കും അർഹമായ അംഗീകാരവും പരിഗണനയും ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശനയത്തെക്കുറിച്ച് സംസാരിക്കവെ, പാകിസ്ഥാനോടും ചൈനയോടും സ്ഥിരമായ വൈര്യം പുലർത്തേണ്ടതില്ലെന്നും എന്നാൽ ഭീകരവാദത്തിനെതിരെ ഇന്ത്യ കർശന നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ലക്ഷ്യം മറ്റ് രാജ്യങ്ങളെ കീഴടക്കലല്ല, മറിച്ച് സമാധാനപരമായ സഹവർത്തിത്വവും വികസനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button