‘അച്ഛനെ പോലെ കാൽ പൊക്കി അടിക്കുമോ?’; വിസ്മയെ കുറിച്ചുള്ള ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി വൈറൽ

വിസ്മയ മോഹൻലാൽ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ കഴിഞ്ഞദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ട്രെയിലർ വളരെ നല്ല അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനിടെ നടൻ മോഹൻലാൽ നൽകിയ മറുപടിയാണ് വൈറലാകുന്നത്.
സിനിമയിലെ താരങ്ങളും സംവിധായകനും ഉൾപ്പെടെ തുടക്കത്തിന്റെ ട്രെയിലർ പ്രകാശന ചടങ്ങിലെ വീഡിയോയാണ് വൈറലാകുന്നത്. ചിത്രം ആക്ഷൻ മൂവി പോലെ തോന്നുന്നുണ്ടെന്നും ലാലേട്ടനെ പോലെ കാൽ പൊക്കിയുള്ള അടിയുണ്ടാവുമോ എന്നായിരുന്നു വിസ്മയയോട് ഒരാൾ ചോദിച്ചത്. ചോദ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്ന വിസ്മയ ‘അത് ഇപ്പോൾ പറയാൻ പറ്റില്ല, സിനിമ കാണണം’ എന്നാണ് മറുപടിയായി പറയുന്നത്. മോഹൻലാലിനോട് ഉത്തരം ആവശ്യപ്പെടുമ്പോൾ ‘അത്രയും കാൽ പൊക്കുന്നില്ല’ എന്നാണ് താരം മറുപടി പറയുന്നത്.
ചെറിയ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്നും മോഹൻലാൽ വ്യക്തമാക്കി.ബ്ലോക്ബസ്റ്റർ ചിത്രമായ ‘2018’ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് നിർമ്മാണം. ചിത്രത്തിന്റേതായി ഇതിനകം പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സായ്കുമാർ, മനോജ് കെ. ജയൻ, കെ.ബി.ഗണേശ്കുമാർ, ബോബി കുര്യൻ,ചിപ്പി, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.



