പി.എസ്.സിയ്ക്ക് വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം; ഉത്തരക്കടലാസും മാർക്ക് വിവരങ്ങളും നൽകാൻ കർശന നിർദേശം

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാത്തതിൽ Kerala Public Service Commissionക്കെതിരെ വിവരാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിലെ മാർക്ക് വിവരങ്ങളും നൽകാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
വിവരങ്ങൾ കൈമാറണമെന്ന മുൻ ഉത്തരവ് ബന്ധപ്പെട്ട ഇൻഫർമേഷൻ ഓഫീസർ മനഃപൂർവം അട്ടിമറിച്ചെന്നും ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും കമ്മീഷൻ വിമർശിച്ചു. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കമ്മീഷൻ പി.എസ്.സിയ്ക്ക് നോട്ടീസും അയച്ചു.
ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായ വീഴ്ച ഗൗരവമായി കാണുന്നതായും, എന്നാൽ ഒരു അവസരം കൂടി നൽകുകയാണെന്നും കമ്മീഷൻ അറിയിച്ചു.
ആഗസ്റ്റ് 10നകം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് കൈമാറി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പി.എസ്.സിക്ക് നൽകിയിരിക്കുന്ന കർശന നിർദേശം.
ഉദ്യോഗാർത്ഥി ആവശ്യപ്പെട്ട ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിലെ മാർക്ക് വിവരങ്ങളും നിർബന്ധമായും കൈമാറണമെന്നും വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.



