എബോള വൈറസ് വ്യാപന ആശങ്ക; മുന്നറിയിപ്പുമായി ആരോഗ്യ അധികൃതർ

ഡൽഹി: എബോള വൈറസ് വ്യാപനത്തെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർക്കും അതുവഴി യാത്ര ചെയ്യുന്നവർക്കുമാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്നാണ് നിർദേശം.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിന് പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറത്തിറക്കിയത്. എബോള വൈറസിനെ നേരിടാൻ രാജ്യത്തെ ആരോഗ്യ മേഖല സ്വീകരിച്ച മുൻകരുതലുകളും പ്രതിരോധ സംവിധാനങ്ങളും യോഗത്തിൽ വിലയിരുത്തി.

രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോള വൈറസ് പകരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ റിപ്പോർട്ട് ചെയ്ത എബോളയുടെ അത്യപൂർവ വകഭേദമായ “ബൂൻഡിബിഗോ” ദ്രുതഗതിയിൽ പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ വകഭേദത്തിനെതിരെ വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്തത് സാഹചര്യം കൂടുതൽ ഗുരുതരമാക്കുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ വകഭേദത്തിനെതിരെ ഫലപ്രദമായ വാക്‌സിൻ വികസിപ്പിക്കാൻ ഒമ്പത് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. നിലവിൽ രണ്ട് വാക്‌സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അവയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവായ ഡോ. വാസി മൂർത്തി അറിയിച്ചു.

എബോളയുടെ പുതിയ വ്യാപനത്തെ തുടർന്ന് ഇതുവരെ 139 മരണങ്ങൾ സ്ഥിരീകരിച്ചതായും സംശയിക്കപ്പെടുന്ന രോഗികളുടെ എണ്ണം 600 കടന്നതായും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് വ്യക്തമാക്കി. വൈറസ് കണ്ടെത്തുന്നതിൽ വൈകിയതിനാൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button