വിഴിഞ്ഞം കരാറിന് പിന്നിൽ വലിയ ഡീൽ’; കരാർ റദ്ദാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എം.എസ്.സി ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സി.പി.എം രംഗത്ത്. വിഴിഞ്ഞം തുറമുഖം പൂർണ്ണമായി കൈക്കലാക്കാനുള്ള വിദേശ കമ്പനിയുടെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കൃത്യമായ പ്ലാനോടെ കൂട്ടുനിന്നുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. അദാനിയുമായും എം.എസ്.സി കമ്പനിയുമായും മുഖ്യമന്ത്രി വലിയൊരു സാമ്പത്തിക ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഈ കരാറിലൂടെ ലഭിക്കുന്ന അവിഹിത ആനുകൂല്യങ്ങൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കാണെന്നും ആരോപിച്ച പാർട്ടി, ഈ കൊള്ളക്കരാർ ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
25 ശതമാനത്തിലധികം ഓഹരികൾ കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നിരിക്കെ ജൂൺ 29-ന് തന്നെ രഹസ്യമായി കരാർ ഒപ്പിട്ടുകഴിഞ്ഞുവെന്നും, ഓഹരി കൈമാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് വൻ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള രാഷ്ട്രീയ ഇടപാടാണ് ഇവിടെ നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആഞ്ഞടിച്ചു.
അതേസമയം, വിവാദം കൊഴുക്കുന്നതിനിടയിൽ വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾ കൃത്യമായി ഉറപ്പാക്കാൻ അദാനി ഗ്രൂപ്പുമായി ഒരു അനുബന്ധ കരാർ ഒപ്പിടുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോർട്ടിന്റെ അപേക്ഷയിൽ അതീവ ജാഗ്രതയോടെയുള്ള സമഗ്ര പരിശോധനയ്ക്കാണ് സർക്കാർ ഒരുങ്ങുന്നത്. എം.എസ്.സി കമ്പനിയുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനം തന്ത്രപ്രധാനമായ എംപവേർഡ് കമ്മിറ്റിയുടെ വിശദമായ ശുപാർശകൾക്ക് ശേഷം മാത്രമേ ഉണ്ടാകൂവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.



