ഇൻസ്റ്റഗ്രാമിനെതിരെ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര നടപടി

ദില്ലി: കുട്ടികളെ ദുരുപയോഗം ചെയ്യുന്നരീതിയിൽ കീവേർഡുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നൽകിയ ഇൻസ്റ്റാഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രം. 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അന്താരാഷ്ട്ര മാധ്യമമായ ബി ബി സിയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിലെ ഗുരുതര വീഴ്ച പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാം കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വേദിയായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, സോഷ്യൽ മീഡിയ ഭീമനായ മെറ്റക്കെതിരെ കർശന നടപടിയിലേക്കാണ് കേന്ദ്ര ഐ ടി മന്ത്രാലയം കടന്നിരിക്കുന്നത്.
പണം വാങ്ങി ഇത്തരം ദൃശ്യങ്ങൾ വിൽപന നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്ക് ഇൻസ്റ്റാഗ്രാം പരസ്യം നൽകാൻ സൗകര്യം ഒരുക്കിയെന്നാണ് ബി ബി സി അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ രാജ്യത്തെ പോക്സോ, ഐ ടി നിയമങ്ങൾ ലംഘിച്ചതിനാണ് മെറ്റാ കമ്പനിയോട് കേന്ദ്ര സർക്കാർ അടിയന്തര വിശദീകരണം തേടിയിരിക്കുന്നത്.
കേവലം 99 രൂപയ്ക്ക് കുട്ടികളുടെ പീഡന ദൃശ്യങ്ങൾ വിൽക്കുന്ന ടെലഗ്രാം ചാനലുകളിലേക്കാണ് ഈ കീവേഡുകൾ വഴി ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ എത്തിച്ചിരുന്നത്. ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ കീവേർഡുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾക്ക് പോലും ഇൻസ്റ്റാഗ്രാമിന്റെ ഓട്ടോമേറ്റഡ് സംവിധാനം അനുമതി നൽകി എന്നത് സുരക്ഷാ വീഴ്ചയുടെ ആഴം കൂട്ടുന്നു. ഉപയോക്താക്കൾ പരാതിപ്പെട്ടിട്ടും ഈ പരസ്യങ്ങൾ നീക്കം ചെയ്യാൻ മെറ്റാ തയ്യാറായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇതോടെയാണ് കേന്ദ്ര ഐ ടി മന്ത്രാലയം മെറ്റയ്ക്ക് 7 ദിവസത്തെ സമയപരിധി നിശ്ചയിച്ചത്. ഇത്തരം ദൃശ്യങ്ങൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് ഔദ്യോഗിക നിർദ്ദേശം നൽകി. വീഴ്ച വരുത്തിയാൽ കടുത്ത ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. സാധാരണയായി സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം ഉള്ളടക്കങ്ങളുടെ പേരിൽ തേർഡ് പാർട്ടി പ്രതിരോധ വാദമാണ് ഉന്നയിക്കാറുള്ളത്.
എന്നാൽ ഇത്തരം പരസ്യങ്ങൾ നൽകിയവരിൽ നിന്നും മെറ്റാ കമ്പനി പണം കൈപ്പറ്റിയ സാഹചര്യത്തിൽ, അവർക്ക് സംരക്ഷണം ലഭിക്കില്ല. ഈ ആഴ്ചയിൽ തന്നെ മെറ്റക്കെതിരെ കേന്ദ്ര സർക്കാർ എടുക്കുന്ന രണ്ടാമത്തെ ശക്തമായ നടപടിയാണിത്. വാട്‌സ്ആപ്പിൽ ഫോൺ നമ്പറുകൾ മറച്ചുവെച്ച് ‘യൂസർനെയിം’ മാത്രം നൽകാനുള്ള മെറ്റയുടെ പുതിയ ഫീച്ചർ വ്യാപകമായ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യാജരേഖ ചമയ്ക്കലുകൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം നേരത്തെ വാട്സാപ്പിനും നോട്ടീസ് അയച്ചിരുന്നു.



