സി.പി.എമ്മിൽ വീണ്ടും പുകച്ചിൽ! എം.വി. ജയരാജനെ തള്ളി എം.വി. ഗോവിന്ദൻ

കണ്ണൂരിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവന പൂർണ്ണമായും തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റ് തിരുത്തിയാൽ ഇവർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാൻ തടസ്സമില്ലെന്ന ജയരാജന്റെ വാദം പാർട്ടിയുടേതല്ലെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് മാത്രമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിയെ വഞ്ചിച്ച് പുറത്തുപോയി വിമതരായി മത്സരിച്ചവർ ‘വർഗവഞ്ചകർ’ ആണെന്നും, അവരെ രാഷ്ട്രീയമായി വിമർശിക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, സി.പി.എമ്മിനുള്ളിൽ വിഭാഗീയതയോ നേതൃത്വത്തിനെതിരെ എതിർചേരിയോ ഉണ്ടെന്ന വാർത്തകൾ പൂർണ്ണമായും അസംബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞു.
അതേസമയം മുൻപ് കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിലായിരുന്നു പാർട്ടിയെ വെല്ലുവിളിച്ച എം.വി. രാഘവനെ വരെ അവസാനകാലത്ത് സ്വീകരിച്ച ചരിത്രമുണ്ടെന്നും, നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തില്ലെന്നുമുള്ള നിലപാട് എം.വി. ജയരാജൻ വ്യക്തമാക്കിയത്. പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എന്നാൽ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ജയരാജൻ വ്യക്തമാക്കട്ടെയെന്നും, താൻ ഉന്നയിച്ച കാര്യങ്ങൾ ഒടുവിൽ പാർട്ടിക്ക് തിരിച്ചറിയേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ ഇതിനോട് പ്രതികരിച്ചു. നേതാക്കളുടെ പരസ്പര വിരുദ്ധമായ ഈ പ്രതികരണങ്ങൾ പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും സജീവമാക്കുകയാണ്.



