ഷിഗെല്ല വ്യാപനം സംസ്ഥാനത്ത് തുടരുന്നു: ഇന്ന് 8 പുതിയ കേസുകൾ; ഇടുക്കിയിലും കോഴിക്കോട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് മാത്രം 8 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ വർഷത്തെ ആകെ കേസുകൾ 155 ആയി ഉയർന്നു. ഇതിനിടെ ഇടുക്കിയിലും കോഴിക്കോട് ജില്ലകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ നാലും ഒൻപതും വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഒരാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് വടകര കുറുമ്പയിൽ സ്വദേശിയായ 4 വയസുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിക്ക് നിലവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഹൈപ്പർ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. ആരോഗ്യരംഗത്തെ വിദഗ്ധരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മിറ്റി.

ഡെങ്കിപ്പനി, മലേറിയ എന്നിവയും വിവിധ ജില്ലകളിൽ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കോഴിക്കോട് മലേറിയ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ പനികൾക്ക് ചികിത്സ തേടി പ്രതിദിനം ഏകദേശം 13,000 പേർ ആശുപത്രികളിലെത്തുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിപ്പ ഭീതി പൂര്‍ണമായും മാറാത്ത സാഹചര്യത്തിൽ ഷിഗെല്ല കേസുകളുടെ വർധനയും ആരോഗ്യവകുപ്പിന് മുന്നിൽ പുതിയ വെല്ലുവിളിയായി തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button