വിചിത്ര ആവശ്യവുമായി വിഎച്ച്പി, ‘അയോധ്യ കൊള്ളയിൽ പ്രിയങ്കയും കെജ്രിവാളുമടക്കമുള്ളവരോട് തെളിവ് തേടണം’; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

ദില്ലി: അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായ അയോധ്യയിലെ സംഭാവന തട്ടിപ്പില്‍ വിചിത്ര ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി). അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചു വരുത്തി തെളിവ് വാങ്ങണമെന്നാണ് വി എച്ച് പി നേതൃത്വം പൊലീസിനോടാവശ്യപ്പെട്ടത്. അയോധ്യയിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപണം ഉന്നയിച്ച പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളുമടക്കമുള്ളവരിൽ നിന്ന് തെളിവ് തേടണമെന്ന് വി എച്ച് പി അധ്യക്ഷന്‍ അലോക് കുമാര്‍, അയോധ്യ ഡി എസ് പിക്ക് കത്ത് നല്കി.
അതേസമയം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്നും പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. അയോധ്യ തട്ടിപ്പിലെ ആർ എസ് എസ് പ്രസ്താവന അപമാനകരവും ലജ്ജാകരവുമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. ദേശീയതക്കും, സത്യസന്ധതക്കും സർട്ടിഫിക്കറ്റ് നൽകിയവർ പിടിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
നാളെ അയോധ്യ ട്രസ്റ്റിന്റെ നിർണായക യോഗം
അതേസമയം അയോധ്യ ക്ഷേത്രക്കൊള്ളയില് വിവാദം കത്തുമ്പോള്‍ നിര്‍ണായക ട്രസ്റ്റ് യോഗം നാളെ ചേരും. സംഭാവന തട്ടിപ്പില്‍ സംശയമുനയില്‍ നില്ക്കുന്ന ട്രസ്റ്റ് എന്ത് നിലപാടെടുക്കുമെന്നതില്‍ ആകാംക്ഷ സജീവമാണ്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അയോധ്യയിലെ മണിറാം ദാസ് ആശ്രമത്തിലാണ് ട്രസ്റ്റ് യോഗം. ഉത്തരം പറയേണ്ട ജനറല്‍ സെക്രട്ടറി ചമ്പത് റായി ഈ യോഗത്തിൽ പങ്കെടുത്തേക്കില്ല. ചമ്പത് റായിയുടെയും, ട്രസ്റ്റി അനില്‍ മിശ്രയുടെയും രാജി യോഗം അംഗീകരിക്കും. പകരം പദവികളിലാരെന്നോ, പുതുതായി കൊണ്ടുവരുന്ന സി ഇ ഒ പോസ്റ്റിലേക്കാരെന്നോ വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരും വരെ നടപടികള്‍ വൈകിപ്പിക്കാനും സാധ്യതയുണ്ട്.
ചമ്പത് റായിക്കെതിരെ പുതിയ അരോപണം
ഇതിനിടെ ചമ്പത് റായിക്ക് ഇരട്ടി പ്രഹരവുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ലക്ഷ്മി നാരായണന്റെ മൊഴിയും പുറത്തുവന്നു. പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ 2024 ഏപ്രിലില്‍ അയോധ്യ ക്ഷേത്രത്തില്‍ 151 കിലോ തൂക്കം വരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത രാമചരിത മാനസ് ഗ്രന്ഥം വഴിപാടായി നല്‍കിയെന്നും, ഇപ്പോള്‍ അതേ കുറിച്ച് ഒരു വിവരവുമില്ലെന്നും നേരിട്ട് വാങ്ങിയ ചമ്പത് റായി ഒരു രസീത് പോലും നല്‍കിയില്ലെന്നുമാണ് മൊഴി. ഇക്കാര്യം എസ് ഐ ടിക്കടക്കം ലക്ഷ്മി നാരായണന് മൊഴി നല്കി. ക്ഷേത്രം തുറന്ന് ഒന്നാം ദിവസം മുതല്‍ കൊള്ള തുടങ്ങിയതാണെന്നും, രാഷ്ട്രപതി ഭവനും, പ്രധാനമന്ത്രിയുടെ വസതിക്കും നല്കിയ സുരക്ഷ രാമക്ഷേത്രത്തിന് സജ്ജമാക്കണമെന്നും കൊള്ളയെ കുറിച്ച് ആദ്യം സൂചന നല്കിയവരിലൊരാളായ മുന്‍ ബി ജെ പി എം പി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് ആവശ്യപ്പെട്ടു



