മുഖ്യമന്ത്രി സ്ഥാനമല്ലെങ്കിൽ മറ്റൊന്നും വേണ്ട; കടുത്ത നിലപാടുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ ചരടുവലി ശക്തമാകുന്നതിനിടെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന സന്ദേശമാണ് അദ്ദേഹം എഐസിസി നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഭരണപരിചയം മാത്രം മാനദണ്ഡമാകരുതെന്നും നേതാവിന്റെ കാഴ്ചപ്പാടിനും ടീം കെട്ടിപ്പടുക്കാനുള്ള കഴിവിനുമാണ് പ്രാധാന്യമെന്നും വി.ഡി. സതീശൻ പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെയും നരേന്ദ്ര മോദിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് സംഘടനാ ദൗർബല്യമാണെന്നും, ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കേണ്ടതുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് “ചോദ്യം സാങ്കൽപ്പികമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള എഐസിസി നേതൃത്വത്തിന്റെ ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കോൺഗ്രസ് എംഎൽഎമാരെ വ്യക്തിഗതമായി കണ്ടുമുട്ടി അഭിപ്രായം തേടിത്തുടങ്ങി.

തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തിയ നിരീക്ഷകരെ നിരവധി മുതിർന്ന നേതാക്കളും സന്ദർശിച്ചു. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള നിർണായക കൂടിക്കാഴ്ചയും ഇന്ന് വൈകുന്നേരം നടക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് ഉടൻ കടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *