കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു; പിന്മാറില്ലെന്ന് കെസി, നിലപാട് കടുപ്പിച്ച് സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിപദത്തിനായുള്ള കോൺഗ്രസിലെ ആഭ്യന്തര പോര് ശക്തമാകുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലാണ് യോഗം നടക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാട് കെ.സി. വേണുഗോപാൽ അനുകൂല എംഎൽഎമാരെ അറിയിച്ചതായാണ് റിപ്പോർട്ട്. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷ പിന്തുണ തെളിയിക്കാനായാൽ രാഹുൽ ഗാന്ധിയുടെ അനുമതിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സി. ക്യാമ്പ്.

അതേസമയം, എംഎൽഎമാരുടെ എണ്ണം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള മാനദണ്ഡമാകരുതെന്ന് വി.ഡി. സതീശൻ എഐസിസി നിരീക്ഷകരോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എല്ലാ രാഷ്ട്രീയ ഘടകങ്ങളും പരിഗണിച്ചായിരിക്കണം തീരുമാനമെന്നതാണ് സതീശൻ പക്ഷത്തിന്റെ നിലപാട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എഐസിസി നിരീക്ഷകർക്ക് കത്ത് നൽകിയതും ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നു.

അതേസമയം, കുറഞ്ഞത് 16 എംഎൽഎമാർ എങ്കിലും തന്റെ പേര് മുന്നോട്ടുവെക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ. വി.ഡി. സതീശൻ പക്ഷം ഒൻപത് എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, നിരീക്ഷകരുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചയിൽ എംഎൽഎമാർ നിലപാട് മാറ്റുമോയെന്ന ആശങ്ക വിവിധ ഗ്രൂപ്പുകളിലും നിലനിൽക്കുന്നു.

മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനങ്ങൾ നൽകി എംഎൽഎമാരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളും സജീവമാണെന്ന സൂചനകളുണ്ട്. അതിനിടെ, ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാനാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.

കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകർ 63 എംഎൽഎമാരെയും കൂട്ടായും വ്യക്തിപരമായും കാണും. തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങിയിരിക്കുന്ന നിരീക്ഷകർ പുലർച്ചെ മുതൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി വരികയാണ്. ഘടകകക്ഷി നേതാക്കളുമായും വൈകീട്ട് പ്രത്യേക കൂടിക്കാഴ്ച നടക്കും.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് നൽകുന്ന പ്രമേയം നിയമസഭാ കക്ഷിയോഗം പാസാക്കും. നിരീക്ഷകർ ഡൽഹിയിലെത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *