സ്വർണവിലയിൽ വൻ ഇടിവ്’ ഇന്ന് പവന് 6,320 രൂപയുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയും ഗ്രാമിന് 790 രൂപ ഇടിഞ്ഞ് 14,720 രൂപയുമായി. ചരിത്രത്തിൽ ഇത് ആദ്യമായാണ് സ്വർണവിലയിൽ വൻ ഇടിവ് സംഭവിക്കുന്നത്. ഇന്നലെ പവൻവിലയിൽ 5,240 രൂപ കുറഞ്ഞ് 1,24,080 രൂപയായിരുന്നു. സ്വർണത്തിലെ തുടർച്ചയായ ഇടിവ് ആദ്യം വിപണിയിൽ ആശങ്കയുണ്ടാക്കിയെങ്കിലും ഇപ്പോൾ ചെറിയ പ്രതീക്ഷ നൽകുകയാണ്. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.

അതേസമയം, ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ഡോളറിന്റെ മൂല്യത്തകർച്ചയും അടക്കമുള്ള കാരണങ്ങളാൽ വില ആടിയുലയുമ്പോൾ ഉപഭോക്താക്കൾ സ്വർണം വാങ്ങൽ തീരുമാനം നീട്ടിവയ്ക്കുകയാണ്. വിലയിലെ ചാഞ്ചാട്ടത്താൽ വിൽപ്പന കുത്തനെ കുറയുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിൽ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഔൺസിന് 5,560 ഡോളർ വരെ ഉയർന്ന് റെക്കാഡിട്ട രാജ്യാന്തര സ്വർണ വില ഇന്നലെ 5,000 ഡോളറിലേക്കാണ് മൂക്കുകുത്തിയത്.

ഇതോടെയാണ് കേരളത്തിലും വില കുത്തനെ ഇടിഞ്ഞത്.അമേരിക്കൻ പ്രസിഡന്റ് ഡേൊണാൾഡ് ട്രംപിന്റെ ധന നയമാണ് സ്വർണ വിലയിലെ ചാഞ്ചാട്ടം രൂക്ഷമാക്കുന്നത്. പകരത്തീരുവ മുതൽ നാറ്റോയുമായുള്ള അമേരിക്കയുടെ അഭിപ്രായ വ്യത്യാസങ്ങളും ഫെഡ് ചെയർമാൻ നിയമനവും വരെ സ്വർണ വിപണിയെ ബാധിച്ചു. ഇതോടൊപ്പം ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്ന വാർത്തകളും സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചു.

ഡോളറിലും അമേരിക്കൻ ട്രഷറി നിക്ഷേപങ്ങളിലും വിശ്വാസം കുറഞ്ഞതോടെ ലോകത്തിലെ വിവിധ കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും ബദൽ നാണയമെന്ന നിലയിൽ സ്വർണ ശേഖരം ഉയർത്തുകയാണ്.സംസ്ഥാനത്തെ വെള്ളിവിലയിലും വൻ ഇടിവാണ് സംഭവിച്ചത്. ഇന്ന് ഗ്രാമിന് 350 രൂപയും കിലോഗ്രാമിന് 3,​50,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 405 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *