ആശ്വാസമില്ല; സ്വർണവില വീണ്ടും കുതിക്കുന്നു, ആഗോള അരക്ഷിതാവസ്ഥയുടെ പ്രതിഫലനമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ‌ർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 14,010 രൂപയും പവന്റെ വില 1,12,080 രൂപയുമാണ്. ഇന്നലെ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആശ്വാസത്തിന് വകയില്ലെന്നാണ് ഇന്നത്തെ വർദ്ധനവ് സൂചിപ്പിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് പവന് 1,120 രൂപയാണ് കുറഞ്ഞത്.

ആഗോളതലത്തിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥകളെത്തുടർന്ന് ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുകയും പകരം ഏറ്റവും സുരക്ഷിത നിക്ഷേപമായ സ്വർണം വൻതോതിൽ വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലാണ്. ഇത് സ്വർണത്തിന് പെട്ടെന്ന് ആവശ്യക്കാർ കൂടാനും വില കുത്തനെ ഉയരാനും കാരണമാകുന്നു.

അന്താരാഷ്ട്ര ചർച്ചകൾ വീണ്ടും സജീവമാകുമ്പോൾ സ്വർണവില താഴേക്ക് എത്താനുള്ള സാദ്ധ്യതയുമുണ്ട്.കൂടാതെ, ​അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത് പതിവാണ്. മാത്രമല്ല,​ ആഗോള വിപണിയിൽ സ്വർണവ്യാപാരം പ്രധാനമായും നടക്കുന്നത് യു.എസ് ഡോളറിലാണ്. ഡോളർ ശക്തമാകുമ്പോൾ മറ്റു കറൻസികൾ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാവുകയും സ്വർണത്തിന്റെ ആവശ്യകത കുറഞ്ഞ് വില താഴുകയും ചെയ്യും.

ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ സ്വർണവില സാധാരണയായി വർദ്ധിക്കാറുണ്ട്.കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണുകളിലും ദീപാവലി പോലുള്ള ഉത്സവ കാലങ്ങളിലും സ്വർണത്തിന് വലിയ തോതിൽ ആവശ്യക്കാരുണ്ടാകും. ഈ സമയങ്ങളിൽ പ്രാദേശിക വിപണിയിലെ ആവശ്യകതയും വിതരണവും തമ്മിലുള്ള വ്യത്യാസം കാരണം വിലയിൽ താൽക്കാലികമായ വർദ്ധനവ് ഉണ്ടാകാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button