മന്ത്രിസ്ഥാനം ആവശ്യമില്ലെന്ന് ജി. സുധാകരൻ; പരിഗണിച്ചാൽ സ്വീകരിക്കും

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, മുൻപ് ആവശ്യപ്പെടാതെ തന്നെ തന്നെ മന്ത്രിയാക്കിയ അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പരിഗണിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനം സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം യുഡിഎഫിൽ നിന്ന് ആരും തന്നെ ഇതുസംബന്ധിച്ച് സമീപിച്ചിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. കേരളത്തിലെ ഒരു പ്രബല സമുദായത്തിന്റെ നേതാവായതിനാൽ അദ്ദേഹത്തെ സന്ദർശിച്ചതിൽ തെറ്റില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.
വ്യക്തിപരമായ ശത്രുതയുള്ളവർ വിമർശിച്ചിട്ടുണ്ടാകാമെന്നും, എന്നാൽ ഔദ്യോഗികമായി വിമർശനം ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റികളിൽ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും പ്രതികരിച്ച അദ്ദേഹം, “ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്” എന്നും അഭിപ്രായപ്പെട്ടു.
താൻ എല്ലായ്പ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ടെന്നും, അത് തുടരുമെന്നും ജി. സുധാകരൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ചർച്ചകളും വിമർശനങ്ങളും കൂടുതൽ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.



