സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം ബോണസ്; 4,500 രൂപ, വിതരണം 17 മുതൽ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ഇരുവിഭാഗത്തിലെയും ജീവനക്കാർക്ക് 4500 രൂപ ബോണസാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി ലഭിക്കുന്നത് 1250 രൂപയാണ്.
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. ഈ മാസം 17മുതലാണ് ഇവയുടെ വിതരണം ആരംഭിക്കുന്നത്. കൂടാതെ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഡ്വാൻസായി 20,000രൂപയും അനുവദിച്ചിട്ടുണ്ട്. പാർട് ടൈം, കണ്ടിന്ജന്റ് ഉൾപ്പെടെയുള്ള വിഭാഗത്തിന് 6000 രൂപയാണ് അഡ്വാൻസായി നൽകുന്നത്.



