താനൂർ താമിർ ജിഫ്രി മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. വിചാരണ നിർത്തിവെച്ച് കേസിൽ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയാണ് കോടതിയെ സമീപിച്ചത്.
കേസിൽ ഉന്നതർ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നാണ് ഹാരിസ് ജിഫ്രിയുടെ ആരോപണം. കൃത്യമായ ഗൂഢാലോചന നടന്ന കേസായിട്ടും ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
താമിർ ജിഫ്രി മരിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങൾ കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണെന്നും ഹാരിസ് ജിഫ്രി പറഞ്ഞു.
കേസിൽ നിർണായക വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ നിലവിലെ അന്വേഷണം പുനഃപരിശോധിക്കണമെന്നും വിചാരണ നിർത്തിവെച്ച് സമഗ്രമായ പുനരന്വേഷണം നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.



