‘ഓപ്പറേഷൻ സൗന്ദര്യ’: 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി ഇതുവരെ 9.64 ലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടിയതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ അവസാനവാരത്തോടെ പദ്ധതിയുടെ നാല് ഘട്ടങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കാണിത്.

ഒന്നാം ഘട്ടത്തിൽ 5,09,303 രൂപയുടെയും രണ്ടാം ഘട്ടത്തിൽ 2.50 ലക്ഷം രൂപയുടെയും മൂന്നാം ഘട്ടത്തിൽ 1.50 ലക്ഷം രൂപയുടെയും നാലാം ഘട്ടത്തിൽ 55,000 രൂപയുടെയും വ്യാജ സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുത്തത്.

കോസ്‌മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും മതിയായ നിർമ്മാണ ലൈസൻസില്ലാതെ വിതരണം ചെയ്തതുമായ ഉൽപ്പന്നങ്ങളാണ് പിടികൂടിയവയിൽ ഉൾപ്പെടുന്നത്.

കൗമാരക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായ അളവിൽ കൂടുതലായി മെർക്കുറി കണ്ടെത്തി. ഫേസ് ക്രീമുകളിൽ ഒരു പി.പി.എം വരെ മെർക്കുറിയാണ് അനുവദനീയമായതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ വിപണിയിൽ നിന്ന് പിടിച്ചെടുത്ത പാകിസ്ഥാൻ നിർമ്മിത ‘ഫൈസ’, ‘ഗോറി’ എന്നീ ക്രീമുകളിൽ 20,000 പി.പി.എം വരെ മെർക്കുറിയുടെ അംശം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു.

പർച്ചേസ് ബില്ലുകൾ പോലുമില്ലാതെ വിപണിയിലെത്തുന്ന ഇത്തരം ക്രീമുകൾ ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാമെന്നും അതിനാൽ ഇവ ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോൾ നിർമ്മാണ ലൈസൻസ്, നിർമ്മാതാവിന്റെ പേരും പൂർണ്ണ വിലാസവും, ആവശ്യമായ ലേബലിംഗ് വിവരങ്ങൾ എന്നിവ ഉണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button