വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രധാന ചടങ്ങുകൾ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് നടക്കുന്നത്.
രാവിലെ പുന്നപ്ര വലിയ ചുടുകാട്ടിൽ വി.എസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് വിവിധ നേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിക്കും.
വൈകുന്നേരം അഞ്ചുമണിക്ക് പുന്നപ്രയിൽ നടക്കുന്ന പൊതുസമ്മേളനവും റാലിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാർട്ടി നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
ചരമവാർഷികത്തോടനുബന്ധിച്ച് പുന്നപ്രയിലെ വി.എസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമയും അനാച്ഛാദനം ചെയ്യും. വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതവും പൊതുസേവനവും അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.



