കാൻസർ രോഗിയെ അധിക്ഷേപിച്ച യൂട്യൂബർ അറസ്റ്റിൽ; രേണുസുധിയുടെ പരാതിക്ക് പിന്നാലെ നടപടി

തിരുവനന്തപുരം: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണുസുധിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ യൂട്യൂബർ അറസ്റ്റിൽ. ഇടപ്പാൾ സ്വദേശിയായ സന്ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രേണുസുധി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കാൻസർ ചികിത്സയുടെ ബില്ലുകൾ വ്യാജമാണെന്ന തരത്തിൽ റിയാക്ഷൻ വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് ആരോപണം. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ രേണുസുധി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു. “ആദ്യ അറസ്റ്റ്… യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്. കേരള പൊലീസിന് അഭിനന്ദനങ്ങൾ” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ.
സംഭവത്തിന് പിന്നാലെ നിരവധി പേരാണ് രേണുസുധിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ആംഗ്ലിക്കൻ സഭാ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലി നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കോടതിയിൽ ഹാജരാക്കുമെന്ന് ചങ്ങനാശേരി ഡിവൈഎസ്‌പി അറിയിച്ചു. സമാന കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ കൂടുതൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.



