‘നിലപാടിൽ മാറ്റമില്ല; മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല’; എതിർത്തതുകൊണ്ട് ആരും ശത്രുവാകില്ലെന്ന് പ്രതികരണം

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ സ്വീകരിച്ച നിലപാടിൽത്തന്നെ താൻ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തന്നെ വിമർശിക്കാനും തനിക്കെതിരെ ലേഖനങ്ങളെഴുതാനും അവർക്കും അവകാശമുണ്ട്. ഇത് ജനാധിപത്യമാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല. തന്നെ വിമർശിക്കുന്നവർ തന്റെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു.

വിമർശിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തേയോ അവർ ഉപയോഗിച്ച ഭാഷയേയോ താൻ ചോദ്യംചെയ്യുന്നില്ല. താൻ എന്തെങ്കിലും നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ വിളിച്ചറിയിക്കും. കാര്യങ്ങൾ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ നിന്നും വാർത്താസമ്മേളനം ഡിലീറ്റ് ചെയ്തുവെന്ന വാർത്തകൾക്കും മുഖ്യമന്ത്രി മറുപടി നൽകി.വാർത്താസമ്മേളനം മുഴുവനായി ഫേസ്ബുക്കിൽ ലൈവ് നൽകിയിരുന്നു.

ഇൻസ്റ്റാഗ്രാമിന്റെ രീതിയനുസരിച്ച് നിശ്ചിത ഭാഗംമാത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്കിൽ അത് നേരത്തേതന്നെ ഉള്ളതിനാൽ ആവർത്തനം വരേണ്ട എന്നുകരുതിയാണ് ഡിലീറ്റ് ചെയ്തത്. എങ്കിലും ഈ വീഡിയോ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.എ പി വിഭാഗം നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

താൻ നിലപാട് പറഞ്ഞതുകൊണ്ടല്ല അവർ കാണാൻ വന്നതെന്നും പത്രസമ്മേളനം നടത്തുന്ന സമയത്ത് അവർ തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ കാണാൻവേണ്ടി അവർ തലേദിവസംതന്നെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തെത്തിയതാണ്. മൂന്നാഴ്ച മുൻപ് തീരുമാനിച്ച അപ്പോയിന്റ്‌മെന്റ് അനുസരിച്ചാണ് ആ കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button