നിതിൻ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ വകുപ്പ് മേധാവിയായിരുന്ന ഡോ. എം.കെ. റാമിന് ജാമ്യം അനുവദിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി. പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി മനോജ് എം ആണ് ജാമ്യം അനുവദിച്ചത്.
റാമിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണവുമായി പൂർണമായി സഹകരിക്കണം, അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കണം, കോളേജ് പരിസരത്ത് പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് (19) ഏപ്രിൽ 10നാണ് ക്യാമ്പസ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. നിതിൻ രാജിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റമാണ് കോളേജിലെ മുൻ വകുപ്പ് മേധാവിയായിരുന്ന ഡോ. എം.കെ. റാമിനെതിരെ ചുമത്തിയിരിക്കുന്നത്.
റാമിന്റെ ഭാഗത്തുനിന്ന് വിദ്യാർത്ഥിക്ക് നിരന്തരമായ മാനസിക പീഡനം നേരിട്ടിരുന്നതായാണ് പ്രോസിക്യൂഷന്റെ ആരോപണം. ജാതിയധിക്ഷേപവും വിവേചനവും ഉൾപ്പെടെയുള്ള പീഡനങ്ങൾ വിദ്യാർത്ഥി നേരിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ അനുവദിച്ചതിൽ കേരള ഹൈക്കോടതിയും പൊലീസിനെ വിമർശിച്ചിരുന്നു.
തുടർന്ന് ജൂലൈ 23ന് പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ ഡോ. എം.കെ. റാം വീണ്ടും കീഴടങ്ങുകയായിരുന്നു. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ തലശേരി എസ്‌സി/എസ്‌ടി കോടതി അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്.
കേസിലെ രണ്ടാം പ്രതിയായ സംഗീത നായർക്ക് നേരത്തെ തലശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.



