അപ്പീൽ പോയാൽ ദിലീപ് കുടുങ്ങും? ജഡ്‌ജിക്കെതിരെ ഗുരുതര പരാമർശങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കും ജഡ്‌ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡി ജിയുടെ നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണക്കോടതി ജഡ്‌ജിയെന്നും അതിനാൽ ജഡ്‌ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം.

ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്‌ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ടുതരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ അംഗീകരിച്ച തെളിവുകൾപോലും ദിലീപിനെതിരെ അംഗീകരിച്ചിട്ടില്ല.

തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണക്കോടതി വെറുതേവിട്ടത്.

എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടും.എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതേവിട്ടത്.

എന്നാൽ, ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷി മൊഴികളും വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്‌ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ചേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *