ക്ഷേമ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്; തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ വഴി വീടുകളിലെത്തിക്കുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തി ദേശസാത്കൃത ബാങ്കുകൾ മുഖേന നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിതരണ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാനും കേന്ദ്ര സർക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാനുമാണ് പുതിയ നടപടിയെന്ന് സർക്കാർ അറിയിച്ചു.

വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി സർക്കാർ ഖജനാവിലേക്ക് തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ വിവരങ്ങളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്നതും ഒരാൾക്ക് ഒന്നിലധികം തവണ പെൻഷൻ ലഭിക്കുന്നതുമായ പരാതികൾ ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഡി.ബി.ടി. (Direct Benefit Transfer) നിർദേശങ്ങൾ പൂർണമായി പാലിക്കാത്തതിനാൽ കേന്ദ്ര ധനസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും ഈ മാറ്റം അനിവാര്യമാണെന്ന് സർക്കാർ വിശദീകരിച്ചു.

പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കളെ ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും ഇനി ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെ പെൻഷൻ തുക നേരിട്ട് ലഭ്യമാക്കും.

നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ തീരുമാനം സംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായി വിവിധ കോണുകളിൽ നിന്ന് ചർച്ചകളും പ്രതികരണങ്ങളും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button