പാറ്റകളെ ഇല്ലാതാക്കും’; കോക്രോച്ച് ജനത പാർട്ടിക്കെതിരെ ഒജെപി രംഗത്ത്

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാകുന്ന സറ്റയർ രാഷ്ട്രീയ പേജായ ‘കോക്രോച്ച് ജനത പാർട്ടി’ (CJP)ക്ക് പിന്നാലെ ഇപ്പോൾ ‘ഓഗി ജനത പാർട്ടി’ (OJP) എന്ന പേരിൽ മറ്റൊരു കൂട്ടായ്മയും ശ്രദ്ധ നേടുന്നു. കോക്രോച്ച് ജനത പാർട്ടിയെ വിമർശിച്ചും പരിഹസിച്ചുമാണ് ഒജെപി രംഗത്തെത്തിയിരിക്കുന്നത്.

സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് ഒജെപി ആരോപിക്കുന്നത്. എ.എ.പി സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ ദിപ്കെ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്നും ഒജെപി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ആരോപിച്ചു.

“എല്ലാത്തരം പ്രാണികളെയും ഇല്ലാതാക്കുക” എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് ഒജെപി പരിഹാസരൂപത്തിൽ പറയുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ കൊളാഷും ഇവർ പങ്കുവെച്ചിട്ടുണ്ട്. “വാളുകളുടെ മൂർച്ചയിൽ രൂപപ്പെട്ട മണ്ണിലെ യുവാക്കൾ തങ്ങളെ ‘പാറ്റകൾ’ എന്ന് വിളിക്കുന്നതിൽ അഭിമാനം കൊള്ളുന്നു. ഇത് രാജ്യത്തെ തൊഴിലില്ലായ്മയുടെ ലക്ഷണമാണ്” എന്ന രീതിയിലുള്ള പരാമർശങ്ങളും ഒജെപി പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൃഗാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറിനങ്ങളുള്ള പ്രകടനപത്രികയും ഒജെപി പുറത്തിറക്കിയിട്ടുണ്ട്. തെരുവ് മൃഗങ്ങൾക്ക് സൗജന്യ ചികിത്സ, മൃഗങ്ങൾക്കെതിരായ ക്രൂരതയ്‌ക്കെതിരെ കർശന നിയമങ്ങൾ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിഷയത്തിലും ഒജെപി പ്രതികരണവുമായി രംഗത്തെത്തി.

ഇതിനിടെ, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയല്ല പ്രവർത്തിക്കുന്നതെന്ന് ഒജെപി തങ്ങളുടെ ഇൻസ്റ്റഗ്രാം ബയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 9000-ത്തിലധികം ഫോളോവേഴ്സും പേജിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ‘കോക്രോച്ച് ജനത പാർട്ടി’ എന്നത് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ ട്രോളുകളും സറ്റയർ വീഡിയോകളും വഴി വിമർശിക്കുന്ന സോഷ്യൽ മീഡിയ പേജാണ്. വിവിധ രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും നിലപാടുകളെ പരിഹസിക്കുന്ന ഉള്ളടക്കങ്ങളിലൂടെ സിജെപി വൻ ജനപ്രീതി നേടിയിരുന്നു. പിന്നാലെ പേജ് മരവിപ്പിക്കപ്പെട്ടെങ്കിലും ‘Cockroach is Back’ എന്ന പേരിൽ പുതിയ അക്കൗണ്ടും ആരംഭിച്ചു. പുതിയ പേജിനും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിലെ ഈ സറ്റയർ ‘രാഷ്ട്രീയ പോര്’ ഇപ്പോൾ യുവാക്കൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button