സണ്ണി ജോസഫിനെ ‘ഒതുക്കിയത്’ കെ സി വേണുഗോപാല്‍? റവന്യൂ വകുപ്പ് നഷ്‌ടമായത് ഖാര്‍ഗെയുടെ ഒറ്റ ഫോണ്‍ സന്ദേശത്തില്‍

ഇരിക്കൂറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കെ സി വേണുഗോപാല്‍ ജയിക്കാൻ സാദ്ധ്യത കുറവാണെന്ന് റിപ്പോർട്ട് നല്‍കിയതിനാലാണ് സണ്ണി ജോസഫിനെ വൈദ്യുതി വകുപ്പ് നല്‍കി ‘ഒതുക്കിയതെന്ന്’ റിപ്പോർട്ട്.
ആദ്യം റവന്യൂ വകുപ്പാണ് സണ്ണി ജോസഫിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍, കെ സിയുടെ ഇടപെടലിലൂടെയാണ് അത് മാറ്റി വൈദ്യുതി വകുപ്പ് നല്‍കിയതെന്നാണ് വിവരം.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡല്‍ഹിയില്‍ നടന്ന ചർച്ചകള്‍ക്കിടെ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി ബന്ധപ്പെട്ടിരുന്നു. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ മത്സരിക്കാൻ പരിഗണിച്ച ഇരിക്കൂർ മണ്ഡലത്തിലെ വിജയസാദ്ധ്യതയെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നല്‍കാൻ ഖാർഗെ ആവശ്യപ്പെട്ടു. ഇരിക്കൂറില്‍ വിജയസാദ്ധ്യത കുറയ്‌ക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നായിരുന്നു സണ്ണി ജോസഫ് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നത്. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കെ സി ഈ റിപ്പോർട്ട് കണ്ടു. ഇതായിരിക്കാം വകുപ്പ് മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
മന്ത്രിമാരെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിയാലോചന നടത്തിയാണ് വകുപ്പുകള്‍ തീരുമാനിച്ചത്. സണ്ണിക്ക് റവന്യൂ വകുപ്പ് നീക്കിവച്ചുകൊണ്ടുള്ള പട്ടിക എഐസിസി അംഗീകരിക്കുകയും ചെയ്‌തു. എന്നാല്‍, ഗവർണർക്ക് പട്ടിക കൈമാറാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഡല്‍ഹിയില്‍ നിന്ന് ഖാർഗെയുടെ ഫോണ്‍സന്ദേശം മുഖ്യമന്ത്രിക്ക് ലഭിച്ചു. റവന്യൂ വകുപ്പ് എ പി അനില്‍ കുമാറിന് നല്‍കണമെന്നും പകരം വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന് നല്‍കണമെന്നുമായിരുന്നു സന്ദേശം. ഇതോടെ മുഖ്യമന്ത്രി നിസ്സഹായനായി.
കെപിസിസി പ്രസിഡന്റിന് പ്രധാനപ്പെട്ട വകുപ്പ് നല്‍കാതെ വർക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാറിന് റവന്യൂ വകുപ്പും വിഷ്‌ണുനാഥിന് ടൂറിസം – സാംസ്‌കാരിക വകുപ്പും നല്‍കിയത് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്.



