“വണ്ണം കുറയ്ക്കണോ? രാം ചരണിനൊപ്പം ഒരു പാട്ടിന് ഡാൻസ് ചെയ്‌താൽ മതി”; ജാൻവി കപൂർ

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം പെദ്ധി റിലീസിനൊരുങ്ങുന്നു. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയുണ്ടായ നടി ജാൻവി കപൂർയുടെ രസകരമായ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം രാം ചരണിനൊപ്പം ഡാൻസ് ചെയ്യുന്നതാണെന്ന് തമാശരൂപേണ ജാൻവി പറഞ്ഞു. ചിത്രത്തിലെ ഗാനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ രാം ചരണിനൊപ്പം നൃത്തം ചെയ്ത ഡാൻസർമാർ ദിവസങ്ങൾക്കുള്ളിൽ മെലിഞ്ഞതായി തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ‘പെദ്ധി’ എന്ന ടൈറ്റിൽ കഥാപാത്രമായാണ് രാം ചരൺ എത്തുന്നത്. ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവ ചേർത്ത് വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രത്തിൽ ക്രിക്കറ്റ്, ഗുസ്തി, ഓട്ടം തുടങ്ങിയ കായിക ഇനങ്ങൾക്കും നിർണായക സ്ഥാനമുണ്ട്.
ചിത്രത്തിനായി രാം ചരണിന്റെ വമ്പൻ ശാരീരിക പരിവർത്തനവും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ജഗപതി ബാബു, ബോമൻ ഇറാനി, ദിവ്യേന്ദു ശർമ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം ജൂൺ 4ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.



