‘സാധാരണ പൗരന് പൊലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ല’; കോടതി ഉത്തരവിൽ സന്തോഷമെന്ന് അൻസിബ

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്‍റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നൽകിയിരുന്നു. ഇപ്പോഴിതാ കോടതി നിർദ്ദേശത്തിൽ തന്റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചിരിക്കുകയാണ് അൻസിബ ഹസൻ.

മൂന്ന് പരാതികൾ മൂന്ന് സ്റ്റേഷനുകളിൽ കൊടുത്തിട്ടും കേസ് എടുക്കാൻ പോലീസ് തയാറായില്ലെന്നും, കോടതി ഉത്തരവിൽ ഒരുപാട് സന്തോഷമുണ്ടെന്നും അൻസിബ പറയുന്നു. സാധാരണ പൗരന് പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ല എന്നത് കഷ്ടമാണെന്നും, ഉന്നതരായ രാഷ്ട്രീയക്കാർക്കെതിരെ ഒരു വാക്ക് പറഞ്ഞാൽ എഫ് ഐ ആറും ഇടുന്നുവെന്നും അഭ്യന്തര മന്ത്രിയെ പോലും പോലീസ് പറ്റിച്ചുവെന്നും അൻസിബ കൂട്ടിച്ചേർത്തു.

എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി നേരത്തെ അന്‍സിബ പൊലീസിനെ സമീപിച്ചിരുന്നു. കേസെടുക്കാതിരുന്നതോടെ മജിസ്ട്രേറ്റ് കോടതിയിലേക്ക് നീങ്ങി. എന്നാല്‍, സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button