മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 93-ാം പിറന്നാൾ; പ്രിയതാരത്തിന് ആശംസകളുമായി മമ്മൂട്ടി

മലയാള സിനിമയുടെ കാരണവരും ഇതിഹാസ താരവുമായ മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നായകനായും വില്ലനായും സ്വഭാവനടനായും സംവിധായകനും നിർമാതാവുമെല്ലാം തിളങ്ങി മലയാള സിനിമയിൽ തന്റേതായ ചരിത്രമെഴുതിയ താരമാണ് അദ്ദേഹം. 1933 സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ജനിച്ച മാധവൻ നായരാണ് മലയാളികൾക്ക് പ്രിയപ്പെട്ട മധുവായി മാറിയത്.
തന്റെ പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടിയും രംഗത്തെത്തിയിട്ടുണ്ട്. മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് “ഹാപ്പി ബർത്ത് ഡേ മൈ സൂപ്പർ സ്റ്റാർ” എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
താൻ മധു സാറിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹമാണ് തന്റെ സൂപ്പർ സ്റ്റാർ എന്നും മമ്മൂട്ടി പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയോടുള്ള സ്നേഹം മധുവും അഭിമുഖങ്ങളിൽ തുറന്നുപറയാറുണ്ട്. സിനിമാപ്രവർത്തകരും ആരാധകരുമടക്കം നിരവധി പ്രമുഖരാണ് ഇപ്പോൾ മധുവിന് ആശംസകളുമായി എത്തുന്നത്.
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളജ് അധ്യാപക ജോലി ഉപേക്ഷിച്ച് മധുവിനെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിച്ചത്. സത്യനും പ്രേംനസീറും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കാലത്തായിരുന്നു മധുവിന്റെയും സിനിമയിലേക്കുള്ള രംഗപ്രവേശം. എം.എൻ. പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാൽപാടുകൾ’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അഭിനയത്തിന് പുറമെ പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്യുകയും പതിനാറോളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് മധു.



