വിശാഖ് കൊലപാതകം; ആയുധങ്ങൾ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു

തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കേസിലെ പ്രതികളിലൊരാളായ വിനീത് ഒളിപ്പിച്ചിരുന്ന മൂന്ന് വെട്ടുകത്തികളാണ് ചോദ്യം ചെയ്യലിന് പിന്നാലെ പൊലീസ് കണ്ടെടുത്തത്.

ചമ്പക്കട തൈവിളാകത്ത് വീട്ടിൽ കുമാരി ഷൈലയുടെ മകൻ വിശാഖ് (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ വാഹനം പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് വിശാഖിന്റെ അയൽവാസിയും ബന്ധുവുമായ പ്രദീപ്കുമാർ (39) ഉൾപ്പെടെ മുകേഷ് എന്ന ശിവപ്രസാദ് (39), ചിക്കു എന്ന റസിം (35), വിനീത് (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പാൽക്കുളങ്ങര കൈതമുക്കിന് സമീപം ചമ്പക്കട–നാലുമുക്ക് റോഡിൽ സംഭവം നടന്നത്. ഡ്രൈ ക്ലീനിംഗ് തൊഴിലാളിയായ വിശാഖ് ഭക്ഷണം കഴിക്കാനായി സ്‌കൂട്ടറിൽ വീട്ടിലെത്തിയതിനു പിന്നാലെ ഓൾട്ടോ കാറിലെത്തിയ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. സ്‌കൂട്ടർ ഒതുക്കിവെച്ച് വീട്ടിലേക്ക് കയറുന്നതിനിടെ തല, കൈ, കാൽ, വയർ എന്നിവിടങ്ങളിൽ വെട്ടേറ്റ വിശാഖിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വർഷങ്ങളായി നിലനിന്നിരുന്ന വഴി-അതിർത്തി തർക്കമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button