ഒരു കോടിയിലധികം ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവ്; ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി സൗദി

റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു കോടിയിലധികം ഉത്പന്നങ്ങക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സർക്കാർ. വിവിധ സ്ഥാപനങ്ങൾക്കായി 3500ലേറെ ഡിസ്കൗണ്ട് ലൈസൻസുകളാണ് ഓഫറിന്റെ ഭാഗമായി അനുവദിച്ചത്. വിലക്കുറവ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപക പരിശോധനകളും ശക്തമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ലൈസൻസ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ എല്ലാ ശാഖകളിലും വില്പന കേന്ദ്രങ്ങളിലും വിലക്കുറവ് നൽകാൻ കഴിയും. ഓഫറുകൾ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഡിസ്കൗണ്ട് ലൈസൻസിൽ നൽകിയിരിക്കുന്ന ഏകീകൃത ഇലക്ട്രോണിക് ബാർകോഡുകൾ വഴി വിലക്കുറവിന്റെ ശതമാനം, കാലാവധി, സ്ഥാപനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ ഉപഭോക്താവിന് അറിയാൻ കഴിയും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അനുവദിക്കുന്ന വിലക്കുറവ് സ്ഥാപനങ്ങളുടെ വാർഷിക ഡിസ്കൗണ്ട് പരിധിയിൽ ഉൾപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.



