സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ ഡൽഹി പൊലീസ്; മോദിയെ അധിക്ഷേപിച്ച ഉള്ളടക്കം നീക്കം ചെയ്തു

ഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഔദ്യോഗിക നോട്ടീസ് നൽകി. നോട്ടീസിന് പിന്നാലെ നിരവധി പോസ്റ്റുകളും വീഡിയോകളും പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്തു.
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹിയിലെ ജന്തർ മന്തറിലും തുടർന്ന് ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടെയും വലിയ വിദ്യാർഥി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ, വീഡിയോകൾ, മീമുകൾ എന്നിവ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ദില്ലി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീമും സൈബർ വിഭാഗവും ചേർന്ന് നടത്തിയ ഓൺലൈൻ പരിശോധനയിലാണ് ഇത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തിയത്. തുടർന്ന് പ്രാബല്യത്തിലുള്ള നിയമവ്യവസ്ഥകൾ ചൂണ്ടിക്കാട്ടി അവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾക്ക് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു.
പൊലീസിന്റെ നിർദേശത്തെ തുടർന്ന് നിരവധി പോസ്റ്റുകളും വീഡിയോകളും ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.



