കുരങ്ങിനൊപ്പമുള്ള വീഡിയോ പങ്കുവച്ചു; മകളുടെ അമ്മായിയച്ഛന് ‘പണികൊടുത്ത്’ വിക്രം, പിന്നാലെ കേസ്

അപൂർവയിനം കുരങ്ങുമൊത്തുള്ള വീഡിയോ പങ്കുവച്ച് ദക്ഷിണേന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രം വിവാദത്തിൽ. കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് കുരങ്ങുമൊത്തുള്ള വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. എന്നാൽ 24 മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടു. വിക്രമിന്റെ മകളുടെ ഭർതൃപിതാവിനെതിരെ അപൂർവയിനം മൃഗങ്ങൾ കൈവശം വച്ചതിന് വനംവകുപ്പ് അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്.
വിക്രം കുരങ്ങുമൊത്തുള്ള വീഡിയോ പങ്കുവച്ചതാണ് മകളുടെ ഭർതൃപിതാവും ബിസിനസുകാരനുമായ സി കെ രംഗനാഥനെതിരെ അന്വേഷണമാരംഭിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കൺവെൻഷനും ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമവും പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായ ലാർ ഗിബ്ബൺ ആണ് ഈ കുരങ്ങ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജൂണിൽ മണിപ്പൂരിൽ നിന്ന് തമിഴ്നാട്ടിലെ ഈറോഡിലേക്ക് കൊണ്ടുവന്ന കുരങ്ങിനെ രംഗനാഥൻ ഔദ്യോഗികമായി വാങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കുരങ്ങിനെ കടത്തിയതാകാമെന്നും ചിലർ ആരോപിക്കുന്നു. കുരങ്ങിനെ കൈവശം വയ്ക്കാൻ രംഗനാഥന്റെ പക്കൽ മതിയായ രേഖകളില്ലെന്നും വിവരമുണ്ട്. എന്നാൽ റിപ്പോർട്ടുകളിൽ വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.കവിൻകെയർ എന്ന ബ്രാൻഡിന്റെ സ്ഥാപക ചെയർമാനാണ് സി കെ രംഗനാഥൻ. അദ്ദേഹത്തിന്റെ മകൻ മനു രഞ്ജിത് ആണ് വിക്രമിന്റെ മകൾ അക്ഷിതയുടെ ഭർത്താവ്.



