രാത്രി ഭയന്നുവിറച്ച് അമ്മയെ വിളിച്ചു; മണിക്കൂറുകൾക്കകം യുവതി മരിച്ചനിലയിൽ, ആൺസുഹൃത്ത് അറസ്റ്റിൽ

ഗോഹട്ടി: വിദ്യാർത്ഥിനിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 26കാരനായ ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. ഗോഹട്ടി സർവകലാശാലയിലെ 22കാരിയായ സോഷ്യോളജി വിദ്യാർത്ഥിനി നിമിഷ ഠാക്കൂറാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ആസിഫ് അലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് പുലർച്ചെയാണ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ഗരാലിലെ ഹോംസ്റ്റേയിൽ ഇരുവരും താമസിച്ചിരുന്ന മുറിയിൽ നിമിഷയെ അവശനിലയിൽ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് ആസിഫ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ലെന്നും കൊലപാതകമാണോയെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണെന്നും ഗോഹട്ടി വെസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ് (ഡി.സി.പി) ബോലിൻ ദേവോരി പറഞ്ഞു.യുവതിയുടെ മൃതദേഹത്തിൽനിന്നോ മുറിയിലെ തറയിൽനിന്നോ രക്തത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.സംഭവത്തിൽ നിർണായകമായേക്കാവുന്ന ചില വിവരങ്ങൾ കുടുംബസുഹൃത്ത് പൊലീസിനെ അറിയിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് നിമിഷ കുടുംബത്തോട് പറഞ്ഞിരുന്നത്. രാത്രി രണ്ടുമണിയോടെ അമ്മയെ ഫോണിൽ വിളിച്ച് നിമിഷ കരഞ്ഞുകൊണ്ട് ‘അവർ എന്നെ കൊല്ലും, അമ്മേ’ എന്ന് പറഞ്ഞതായാണ് കുടുംബസുഹൃത്ത് ഗൗതം ദാസ് പറയുന്നത്.

തുടർന്ന് നിമിഷയുടെ ഫോൺ മറ്റാരോ പിടിച്ചെടുത്തിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. നിമിഷയുടെ മാതാപിതാക്കൾ പിന്നീട് സമീപത്തെ അസാര പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതായും ഗൗതം ദാസ് പറഞ്ഞു. ഇതിനിടെ ഒരു ആരോഗ്യകേന്ദ്രത്തിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ പ്രവേശിപ്പിച്ചെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ഗോഹട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

അതേസമയം ഹോംസ്റ്റേയിലെ പാചകക്കാരനും കെയർടേക്കറുമായ ബിപുൽ ബൈലുംഗ് ഒരു പുരുഷൻ രാത്രി നിലവിളിക്കുന്ന ശബ്ദം കേട്ടതായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ‘ദാദാ, ഉഠോ, ഉഠോ’ (സഹോദരാ, എഴുന്നേൽക്കൂ, എഴുന്നേൽക്കൂ) എന്ന് ഒരാൾ വിളിച്ചുപറയുന്നതാണ് കേട്ടതെന്നാണ് ബൈലുംഗ് പറയുന്നത്. തുടർന്ന് സഹപ്രവർത്തകരെ വിളിച്ച് പുറത്തേക്ക് പോയെങ്കിലും ആരെയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് മടങ്ങിയെത്തിയപ്പോൾ കരച്ചിൽ കേട്ടതായും ശബ്ദം കേട്ട മുറിയിലേക്ക് പോയപ്പോൾ യുവാവ് യുവതിയെ കൈയിൽ പിടിച്ചുനിൽക്കുന്നതും യുവതി തറയിൽ കിടക്കുന്നതുമാണ് കണ്ടതെന്നും ബൈലുംഗ് വ്യക്തമാക്കി. തുടർന്ന് ഹോംസ്റ്റേ ഉടമകളെ വിവരമറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. ഇരുവരും പത്താം നമ്പർ മുറിയാണ് ബുക്ക് ചെയ്തിരുന്നതെന്നും ഒമ്പതാം നമ്പർ മുറി ഒഴിഞ്ഞുകിടന്നതിനാൽ അതും ഉപയോഗിച്ചിരുന്നതായും ഹോംസ്റ്റേ ജീവനക്കാർ പറഞ്ഞു. ഇരുവരും മുമ്പും ഇവിടെ താമസിച്ചിട്ടുണ്ടെന്നും ജീവനക്കാർ വ്യക്തമാക്കി.

നിമിഷ ഹിന്ദുവും അറസ്റ്റിലായ ആസിഫ് അലി മുസ്ലിമുമാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ ലവ് ജിഹാദ് ആരോപണവും പ്രതിഷേധക്കാർ ഉന്നയിച്ചു. സംഭവസ്ഥലത്ത് പ്രതിഷേധം ശക്തമായതോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. സംഭവത്തിൽ ഹോംസ്റ്റേ ഉടമ, ജീവനക്കാർ, കെയർടേക്കർമാർ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുക്കുകയാണ്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button