സ്പീക്കറുടെ പരാമർശം അനുചിതം; പ്രതിപക്ഷ ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്ന് കെ.എൻ. ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, പി.എ.സി ചെയർമാന്റെ മുറിയോ ആവശ്യപ്പെട്ട് ഔദ്യോഗികമായോ അനൗദ്യോഗികമായോ താൻ ഒരു കത്തും നൽകിയിട്ടില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി.
ഇത്തരത്തിൽ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്താൻ ദുഷ്പ്രചാരണം നടത്തുന്നവരെ അദ്ദേഹം വെല്ലുവിളിച്ചു. എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നത് സ്പീക്കറുടെ ചുമതലയല്ലെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട ഉന്നതമായ ഭരണഘടനാ പദവിയാണ് സ്പീക്കറുടേതെന്നും അദ്ദേഹം പറഞ്ഞു. ആ പദവിയിലിരുന്ന് അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നതും സാങ്കൽപ്പിക കഥകൾ മെനയുന്നതും പദവിയുടെ അന്തസ്സിന് ചേർന്നതല്ലെന്നും ബാലഗോപാൽ വിമർശിച്ചു.
വസ്തുതകൾ മനസ്സിലാക്കി ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനം സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



