ഇത്തവണത്തെ ഓണം ബമ്പർ കണ്ണൂരിലെ ചക്കരക്കല്ലിൽ; രണ്ടുതവണ ഭാഗ്യം തേടിയെത്തിയത് മുത്തു ഏജൻസിയെ!

കണ്ണൂർ: അൽപസമയം മുൻപാണ് ഓണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തത്. കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ TL 360615 നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി അടിച്ചത്. തളിപ്പറമ്പിലെ പി വി വത്സരാജൻ തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് ഇവർ ടിക്കറ്റ് എടുത്തത്.
അനീഷ് എംവിയാണ് ഏജന്റ്. 30 കോടിയുടെ ടിക്കറ്റ് വിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനീഷ് എംവി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 18 വർഷമായി ലോട്ടറി വിൽപന രംഗത്ത് സജീവമാണെന്ന് അനീഷ് പറഞ്ഞു. അനീഷിന്റെ ഏജൻസിക്ക് ക്രിസ്മസ് പുതുവത്സര ബമ്പറും നേരത്തെ അടിച്ചിരുന്നു. ഇയാൾക്ക് ആറ് ലോട്ടറി കടകളാണുള്ളത്.അതേസമയം, രണ്ടാം സമ്മാനത്തിൽ മൂന്ന് എണ്ണം പഴവങ്ങാടി, കല്ലമ്പലം, വൈറ്റില എന്നിവിടങ്ങളിൽ നിന്നുള്ള ഭഗവതി ഏജൻസിയിൽ നിന്നും എടുത്ത ടിക്കറ്റുകൾക്കാണ്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. കൂടാതെ 5000, 2000,1000, 500 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. 30 കോടി രൂപ ഒന്നാം സമ്മാനത്തിന് അർഹനായാൽ എത്രയും പെട്ടെന്ന് ലോട്ടറി വകുപ്പിനെ അറിയിക്കുക എന്നതാണ് പ്രധാനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയാണെങ്കിൽ ഏതാണ്ട് 15,20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിൽ പണം വരും



