എംഎൽഎമാർക്ക് 34 ലക്ഷം രൂപയുടെ കാർ; മോഡൽ തിരഞ്ഞെടുക്കാൻ വിജയ് അഭിപ്രായം തേടും

ചെന്നൈ: വിജയ് സർക്കാർ എംഎൽഎമാർക്ക് നൽകുന്നത് 34 ലക്ഷം രൂപയുടെ കാർ വരെയെന്ന് റിപ്പോർട്ട്. കാറുകൾ ടെസ്റ്റ് ഡ്രൈവിനായി സെക്രട്ടറിയേറ്റിൽ എത്തിച്ചിരിക്കുകയാണ്. മഹീന്ദ്രയുടെ ആറ് എസ് യു വി കാറുകളാണ് എത്തിച്ചത്. സ്കോർപിയോ, എക്സ് യു വി എന്നിവയുടെ വിവിധ വേരിയന്റുകളും ഇതിൽ ഉൾപ്പെടുന്നു. എം എൽ എമാരുടെ അഭിപ്രായം കൂടി വിലയിരുത്തിയാവും ഏത് വേണമെന്ന തീരുമാനത്തിലെത്തുക.
പുതിയ കാറുകൾ അനുവദിക്കുന്നതിന് പുറമെ ഡ്രൈവറുടെ ശമ്പളത്തിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി ഓരേ എംഎൽഎയ്ക്കും മാസം 75,000 രൂപ വീതം നൽകും. കൂടാതെ എംഎൽഎ ഓഫീസിൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി മാസം 25,000 രൂപ അധികമായി അനുവദിക്കാനും വിജയ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ആകെ 234 എംഎൽഎമാർ ആണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ട്. ഇതിനുപുറമെയാണ് പുതിയ പ്രഖ്യാപനം.അതേസമയം, എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ പ്രതിപക്ഷമായ ഡിഎംകെ കഴിഞ്ഞദിവസം നിരസിച്ചിരുന്നു.
പാർട്ടിയിലെ 59 എംഎൽഎമാരും കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു.കഴിഞ്ഞ ഡിഎംകെ സർക്കാരിന്റെ കാലത്തെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്നാണ് സർക്കാർ പറയുന്നതെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ വേണ്ടെന്നും അർഹരായവർക്ക് മാത്രം കാർ നൽകണമെന്നും ഉദയനിധി പറഞ്ഞു.



