വിജയ് സർക്കാരിന്റെ ലഹരിവിരുദ്ധ നടപടികൾ; 717 കടകൾ പൂട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ ടാസ്മാക് മദ്യവിൽപന ശാലകളിൽ 717 കടകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിറക്കി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കെതിരെയാണ് നടപടി.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കടകൾ അടച്ചുപൂട്ടിയത് മധുര റീജ്യണിലാണ് (290). കോയമ്പത്തൂർ റീജ്യണിൽ 179 കടകളും ചെന്നൈ റീജ്യണിൽ 82 കടകളും അടച്ചുപൂട്ടിയതായി വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പ്രവർത്തിച്ചിരുന്ന 186 കടകൾ, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 കടകൾ, ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകൾ എന്നിവയാണ് നടപടി നേരിട്ടത്. സംസ്ഥാനത്താകെ ആകെ 4,765 ടാസ്മാക് വിൽപനശാലകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഹരി ഉപയോഗത്തിനെതിരെയും ടാസ്മാക് സംവിധാനം സംബന്ധിച്ച അഴിമതി ആരോപണങ്ങൾക്കെതിരെയും ശക്തമായ ജനവികാരം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളും അടച്ചുപൂട്ടലും ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ ശക്തമാക്കുന്നത്.

ലഹരിവിരുദ്ധ നയം കൂടുതൽ കർശനമായി നടപ്പാക്കുമെന്നും പൊതുജനാരോഗ്യവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നടപടി സ്വീകരിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button