ഓപ്പറേഷൻ തൂഫാൻ’ സ്റ്റാഫ് നിയമനം വിവാദത്തിൽ; ഡിവൈഎഫ്ഐ വിമർശനം ശക്തം

തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാരിനെതിരെ നിയമനങ്ങളും ഭരണനടപടികളും ചൂണ്ടിക്കാട്ടി ആർ.എസ്.എസ് ബന്ധം ആരോപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ബി. അശോകിനെ നിയമിച്ചത് ആർ.എസ്.എസ്–യു.ഡി.എഫ് ‘ഡീലിന്റെ’ ഭാഗമാണെന്ന് സനോജ് ആരോപിച്ചു. അദ്ദേഹത്തിന്റെ മുൻ നിലപാടുകൾ പരിശോധിച്ചാൽ സംഘപരിവാർ ബന്ധം വ്യക്തമാകുമെന്നും, നിയമനത്തിന്റെ യഥാർത്ഥ പശ്ചാത്തലം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തതും സനോജ് വിമർശിച്ചു. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വി.സി.മാർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. സർക്കാർ നിയമനങ്ങളിൽ പാർട്ടി അനുകൂലികളെ മുൻതൂക്കം നൽകുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചില നിയമനങ്ങളെയും അദ്ദേഹം വിമർശിച്ചു. കഞ്ചാവ് കേസ് പ്രതിയുമായി ബന്ധമുള്ളവരെ പ്രധാന പദവികളിൽ നിയമിക്കുന്നത് വിരോധാഭാസമാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സനോജ് പറഞ്ഞു.
സൗജന്യ യാത്ര അനുവദിച്ചിരുന്ന ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് സർവീസുകളാക്കി മാറ്റി യാത്രക്കാരെ സർക്കാർ വഞ്ചിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.



