മൂന്ന് വയസ്സുകാരിയുടെ ദാരുണ മരണം; ടിവികെ സർക്കാരിനെതിരെ ഡിഎംകെ രൂക്ഷ വിമർശനം

ചെന്നൈ: തമിഴ്‌നാടിനെ നടുക്കിയ മൂന്ന് വയസ്സുകാരിയുടെ ലൈംഗികാതിക്രമത്തിന്റെയും മരണത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്തെത്തി.
സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. സർക്കാർ പ്രഖ്യാപിച്ച ‘സിംഗപ്പെണ്ണ്’ വനിതാ സുരക്ഷാ സേനയുടെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് സർക്കാരിനെ പ്രതിരോധത്തിലാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കുമ്മിടിപൂണ്ടി സിപ്കോട്ട് വ്യവസായ മേഖലയ്ക്ക് സമീപം കുറ്റിക്കാട്ടിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കുട്ടി ചികിത്സയ്ക്കിടെ മരണപ്പെട്ടതാണ് സംഭവം കൂടുതൽ ഭീകരമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയതായി റിപ്പോർട്ടുണ്ട്. കേസിൽ കൂടുതൽ പേർ ചോദ്യം ചെയ്യലിലാണ്.
ഡിഎംകെ നേതാക്കളും ബിജെപി നേതാക്കളും സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. ഉത്തരവാദിത്തഭരണത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഡിഎംകെ എംപി കനിമൊഴി കരുണാനിധി പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ ഇരുമ്പുമുഷ്ടി നടപടി വേണമെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവനും ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാന ബിജെപി നേതൃത്വം മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് രംഗത്തെത്തി. മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിക്കുകയും, ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള നിയന്ത്രണങ്ങളും പരിശോധനകളും ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമായി മാറിയിരിക്കുകയാണ്.



