പ്രിയദർശിനി പദ്ധതിക്ക് പ്രശംസ; കേരള സർക്കാരിനെ അഭിനന്ദിച്ച് കെജ്‍രിവാൾ

തിരുവനന്തപുരം/ദില്ലി: കേരളത്തിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയെ അഭിനന്ദിച്ച് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ. ദില്ലി, പഞ്ചാബ് മാതൃകയിൽ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
സ്ത്രീകൾക്ക് യാത്രാചെലവ് ഒരു തടസ്സമാകരുതെന്നും, ഈ പദ്ധതി അവരുടെ വിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും സഹായകരമാകുമെന്നും കെജ്രിവാൾ കുറിച്ചു. കേരളത്തിലെ സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ‘സ്ത്രീകളോടുള്ള ആദരവാണ്’ എന്ന നിലപാടുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ സർവീസിൽ യാത്ര ചെയ്ത് അദ്ദേഹം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂർ ഡിപ്പോയിലെ വി.പി. ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിൽ ബസ് ഓടിച്ചു. ചടങ്ങിൽ പ്രതിപക്ഷം വിട്ടുനിന്നത് ശ്രദ്ധേയമായി. പദ്ധതി സ്ത്രീശാക്തീകരണത്തിനും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും വലിയ മാറ്റമുണ്ടാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.



