പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്‍; വാങ്ങി കൊടുത്ത് പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പാങ്ങോട് സല്‍മാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പെരുമലയിലെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന ദിവസമായ ഫെബ്രുവരി 24ന് ശേഷം അഫാനെ ഇതാദ്യമായാണ് കുറ്റകൃത്യങ്ങള്‍ നടന്ന വീടുകളില്‍ എത്തിച്ചത്.

അതിനിടെ, അഫാന്‍ പാങ്ങോട് സ്റ്റേഷനില്‍ ഭക്ഷണം കഴിക്കുന്നതിന് വിമുഖത കാണിച്ചു. പോലീസ് കാര്യം തിരക്കിയപ്പോള്‍ താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും അറിയിച്ചു. ഇതോടെ പോലീസ് അഫാന്റെ ഇഷ്ട ഭക്ഷണങ്ങള്‍ വാങ്ങി നല്‍കി. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മീന്‍ കറി വേണമെന്നും അഫാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, രാത്രി കിടക്കുന്നതിന് വേണ്ടി പേപ്പറുകളും പോലീസ് നല്‍കിയിരുന്നു. വെറും തറയില്‍ തനിക്ക് കിടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സെല്ലില്‍ കിടക്കുന്നതിനുള്ള പായ പോലീസ് സംഘടിപ്പിച്ചു നല്‍കിയത്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പോലീസ് അഫാനെ ജയിലിലേക്ക് മടക്കി അയയ്ക്കും. ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. അഫാന്റെ മാനസിക നില വിശദമായി പരിശോധിക്കും. അതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡിഎംഒയ്ക്ക് പോലീസ് ഉടന്‍ കത്ത് നല്‍കും. ഡോക്ടര്‍മാരുടെ സംഘത്തെ രൂപീകരിച്ചു കഴിഞ്ഞാല്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാന്‍ ആണ് പോലീസിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *