വിജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി; സൈബർ ആക്രമണം കാരണം ഗർഭനഷ്ടമെന്ന് വാദം

ചെന്നൈ: ടിവികെയ്ക്കും തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളും മാനസിക പീഡനവും കാരണം തനിക്ക് ഗർഭനഷ്ടം സംഭവിച്ചതായി ജൂലി ആരോപിച്ചു.

സമീപകാലത്ത് ടിവികെക്കും വിജയ്‌ക്കും എതിരായ വിമർശന വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെച്ചിരുന്ന ജൂലി, തെരഞ്ഞെടുപ്പ് സമയത്തും നടി തൃഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷവും തന്റെ വിമർശനങ്ങൾ തുടർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഇപ്പോൾ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ ജൂലി, ടിവികെ പ്രവർത്തകരുടേയും വിജയ് ആരാധകരുടേയും കടുത്ത സൈബർ ആക്രമണമാണ് തന്റെ വ്യക്തിജീവിതത്തെ ബാധിച്ചതെന്നും അതിന്റെ ഫലമായി തന്റെ ആദ്യ ഗർഭം നഷ്ടപ്പെട്ടുവെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ഉത്തരവാദി ‘വിജയ് അണ്ണൻ’ ആണെന്നും, നേരിട്ട് അല്ലെങ്കിലും അനുയായികളെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്നും അവർ ആരോപിച്ചു.

തനിക്കെതിരെ 15 ലക്ഷം രൂപയുടെ കിഡ്നി തട്ടിപ്പ് കേസ് ആരോപണം ഉയർന്നതിന് പിന്നിലും ടിവികെ പ്രവർത്തകരാണെന്ന് ജൂലി ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങൾക്കെതിരെ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

“ഒരു ടിവികെ അനുഭാവിയും അഭിഭാഷകനുമാണ് എനിക്കെതിരായ കേസുകൾക്ക് പിന്നിൽ. വിവാഹത്തിന് ശേഷമാണ് ഞങ്ങളുടെ ആദ്യ കുഞ്ഞിനെ നഷ്ടമായത്. അതിന് കാരണം തുടർച്ചയായ സൈബർ ബുള്ളിയിംഗും മാനസിക സമ്മർദ്ദവുമാണ്. ഇതൊന്നും സഹതാപത്തിനായി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” എന്ന് മരിയ ജൂലിയാന മാധ്യമങ്ങളോട് പറഞ്ഞു.

വിജയ് അണ്ണൻ നേരിട്ട് ഒന്നും ചെയ്തിട്ടില്ലെങ്കിലും, തന്റെ അനുയായികളെ നിയന്ത്രിച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനായേനേ എന്ന് അവർ പ്രതികരിച്ചു. വികാരഭരിതയായി മാധ്യമങ്ങളോട് സംസാരിച്ച ജൂലി പിന്നീട് കണ്ണീരോടെ രംഗം വിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ടിവികെയോ വിജയ്‌യോ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ആരോപണങ്ങൾ രാഷ്ട്രീയ-സോഷ്യൽ മീഡിയ വേദികളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button