‘ഞാൻ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യസേവകൻ’; ആദ്യ പൊതുപരിപാടിയിൽ വിജയ്

തൃച്ചി: തമിഴ്‌നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടന്ന ആദ്യ പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് വിജയ്. താൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും അവരുടെ “മുഖ്യസേവകൻ” ആണെന്നും അദ്ദേഹം പറഞ്ഞു.
തൃച്ചിയിൽ നടന്ന ബഹുജന റാലിയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ടിവികെ പ്രവർത്തകരുടെ ആവേശം നിറഞ്ഞ സ്വീകരണത്തിനിടെയാണ് വിജയ് തന്റെ സർക്കാരിന്റെ മുൻഗണനകളും രാഷ്ട്രീയ നിലപാടുകളും വിശദീകരിച്ചത്.
തന്റെ നേതൃത്വത്തിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം നടക്കുകയാണെന്ന ആരോപണങ്ങൾ വിജയ് തള്ളി. 2026ലെ തിരഞ്ഞെടുപ്പിൽ ടിവികെ നേടിയ വോട്ട് വിഹിതം ചരിത്രപരമാണെന്നും, 1977ൽ എം.ജി.ആറിന് പോലും ലഭിക്കാത്ത പിന്തുണയാണ് ജനങ്ങൾ പാർട്ടിക്ക് നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പെരിയാർ, അണ്ണാ, എം.ജി.ആർ. എന്നിവരുടെ ആശയങ്ങളെ പിന്തുടരുന്ന ഒരു സാധാരണക്കാരനാണ് താനെന്ന് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ ദീർഘകാലം അധികാരം പങ്കിട്ട ഡിഎംകെയും എഐഎഡിഎംകെയും സംസ്ഥാനത്തെ ജനങ്ങളെ നിരാശരാക്കിയെന്നും അദ്ദേഹം വിമർശിച്ചു.
പണമോ സ്വാധീനമോ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ മുന്നേറ്റം തടയാമെന്ന് ആരും കരുതേണ്ടതില്ലെന്ന് വിജയ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ യഥാർഥ രാഷ്ട്രീയ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടിവികെ സർക്കാർ അധികാരത്തിലെത്തിയതോടെ പഴയ രാഷ്ട്രീയ ശക്തികൾ അസ്വസ്ഥരായിരിക്കുകയാണെന്നും, അഴിമതിയില്ലാത്ത ഭരണമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു.
കർഷകരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുകയെന്ന് വ്യക്തമാക്കിയ അദ്ദേഹം, കർഷക വായ്പകൾ എഴുതിത്തള്ളുന്നതിനും പാവപ്പെട്ട കുടുംബങ്ങൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് സുതാര്യവും അഴിമതിരഹിതവുമായ ഭരണസംവിധാനം ഉറപ്പാക്കുകയാണ് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് വിജയ് പറഞ്ഞു.



